കൊൽക്കത്ത: പശ്ചിമബംഗാളിൽ മമത ബാനർജിക്ക് വലിയ വെല്ലുവിളി ഉയർത്തി വിമത വിഭാഗം തൃണമൂൽ കോൺഗ്രസ് പാർട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. നിയമസഭാ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് പാർട്ടിയുടെ ആസ്ഥാനത്ത് തങ്ങളുടെ സ്വാധീനം ഉറപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ടതിന് പിന്നാലെ, തങ്ങളുടെ വിഭാഗമാണ് യഥാർഥ തൃണമൂൽ കോൺഗ്രസ് എന്ന് ഋതബ്രത ബാനർജി അവകാശപ്പെട്ടു. പാർട്ടി ചിഹ്നവും പേരും ഉപയോഗിക്കാനുള്ള നിയമപരമായ അവകാശം തങ്ങൾക്കാണെന്നാണ് ഇവരുടെ വാദം. ഭൂരിഭാഗം എംഎൽഎമാരുടെയും മുൻ കൗൺസിലർമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും വിമതർ അവകാശപ്പെടുന്നു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ 47 ഓളം മുൻ ടിഎംസി കൗൺസിലർമാർ പങ്കെടുത്ത യോഗം നടത്തി ഋതബ്രത വിഭാഗം ഇതിനോടകം തന്നെ തങ്ങളുടെ ശക്തി തെളിയിച്ചിട്ടുണ്ട്.
അതേസമയം, പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും വ്യാജമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മമത ബാനർജിയുടെ വിശ്വസ്തയും നേതാവുമായ ഡോല സെൻ വിമത എംഎൽഎമാർക്കെതിരെ പോലീസിൽ പരാതി നൽകി. വ്യാജ രേഖകൾ ചമയ്ക്കൽ, ആളുമാറി പാർട്ടി പേര് ഉപയോഗിക്കൽ, അനധികൃത യോഗങ്ങൾ സംഘടിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി. മമത ബാനർജിയുടെ നേതൃത്വത്തിനാണ് ജനങ്ങൾ വോട്ട് നൽകിയതെന്നും ചില നേതാക്കളോ കൗൺസിലർമാരോ പാർട്ടി വിട്ടുപോയതുകൊണ്ട് പാർട്ടിയുടെ ജനപിന്തുണ കുറയില്ലെന്നും ടിഎംസി എംപി മഹുവ മൊയ്ത്ര വ്യക്തമാക്കി.